Monday, May 13, 2013

കൊങ്ങാട്ടു തറവാടും ചെട്ടിയാരും പിന്നെ കുറെ കാവൽ നായ്ക്കളും (അധ്യായം-1)

ഒരു ഗ്രാമത്തിന്റെ കഥയാണ്‌ ഞാനിവിടെ പറയുന്നത്. ഈ കഥയ്ക്ക്‌ ഇന്ന് ജീവിചിരിയ്ക്കുന്നവരോ മരിച്ചു പോയവരോ ആയി യാതൊരു ബന്ധവും ഇല്ല. ഇനി അഥവാ അങ്ങനെ എന്തെങ്കിലും ബന്ധം തോന്നിയാൽ അതിനു എന്നെക്കൊണ്ട് ഒന്ന് ചെയ്യാനും കഴിയില്ല.


മധ്യ തിരുവിതാം കൂറിലെ ഒരു കൊച്ചു ഗ്രാമത്തിലേയ്ക്ക് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ്. ഈ ഗ്രാമത്തിന്റെ പേരാണ് 'ചന്ദ്രലേഖ' ഗ്രാമം. ഈ ഗ്രാമം എന്ന് പറയുന്നത് ഏകദേശം ഒരു ഇരുപതോളം വീടുകൾ അടങ്ങുന്ന ഒരു കുഞ്ഞി ഗ്രാമം ആണ് കേട്ടോ. പ്രശസ്തമായ കോങ്ങാട്ട് തറവാട്ടിലെ കാരണവന്മാർ ആണ് പാരമ്പര്യമായി 'ചന്ദ്രലേഖ' ഗ്രാമത്തിൽ ഗ്രാമതലവന്മാർ എന്നാ സ്ഥാനം അലങ്കരിച്ചു പോന്നിരുന്നത്. ഈ പറയുന്ന പത്തിരുപതു കുടുംബങ്ങൾ എന്ന് പറയുന്നത് ശരിയ്ക്കും പറഞ്ഞാൽ കോങ്ങാട്ട് തറവാട്ടുകാരുടെ ഔദാര്യം കൊണ്ട് മാത്രം ജീവിച്ചു പോവുന്ന പാവങ്ങൾ ആണ് കേട്ടോ. ഒരർത്ഥത്തിൽ അവിടത്തെ കുടികിടപ്പുകാർ എന്ന് പറയാം.


ചന്ദ്രലേഖ ഗ്രാമത്തിലെ  ഇപ്പോഴത്തെ ഗ്രാമത്തലവൻ എന്ന് പറയുന്നത് കോങ്ങാട്ട് തറവാട്ടിലെ യുവതലമുരയിലെ വീരശൂര പരാ'കൃമി' ആയ തൊമ്മിചാൻ ആണ്. തൊമ്മിച്ചന്റെ പെണ്ണുംപിള്ളയാണ് അന്നാമ്മ ചേടത്തി എന്ന് നാട്ടുകാരു വിളിയ്ക്കുന്ന അന്നാമ്മ തോമസ്‌. ഇവരുടെ വിശ്വസ്തൻ ആയ  കാര്യസ്ഥൻ ആണ് കൃഷ്ണചെട്ടിയാർ എന്നാ നമ്മുടെ സാക്ഷാൽ ചെട്ടിയാർ. ചെട്ടിയാർ നല്ല 'തറ'വാടിയാണ് കേട്ടോ. ചെട്ടിയാർ അറിയാതെ കോങ്ങാട്ട് തറവാട്ടിലെയോ ചന്ദ്രലേഖ ഗ്രാമതിലെയോ ഒരില പോലും അനങ്ങൂല.  അതാണ്‌ ചെട്ടിയാർ.


ഈ ചെട്ടിയാരുടെ പണി എന്താണ് എന്നറിയാമോ? അതാണ്‌ രസം. ചെട്ടിയാർ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിൽ ഒക്കെ പോയി അവിടെ കളിയ്ക്കുന്ന എല്ലാ നാടകങ്ങളും കാണും. എന്നിട്ട് അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചന്ദ്രലേഖ ഗ്രാമത്തിലെ ചുവരുകളിലും മതിലുകളിലും ഒക്കെ എഴുതി നിറയ്ക്കും. കോങ്ങാട്ട് തറവാട്ടുകാരുടെ ഔദാര്യം കൊണ്ട് ജീവിച്ചു പോരുന്ന, ഞാൻ മുകളിൽ പറഞ്ഞ കുടികിടപ്പുകാർ ആയ ആ പത്തിരുപതു കുടുംബങ്ങളുടെ ജോലി എന്താണെന്ന് വെച്ചാൽ ചെട്ടിയരുടെ എല്ലാ ചുവരെഴുത്തിനും താഴെ പോയി 'ചെട്ടിയാർ കീ ജയ്‌ ' , 'ചെട്ടിയാർ വാഴ്കൈ' 'ചെട്ടിയാർ അങ്ങാണ് ദൈവം' എന്നിങ്ങനെ പുകഴ്ത്തി എന്തെങ്കിലുമൊക്കെ എഴുതി വിടുക എന്നതാണ്. ഇനിയിപ്പോ ചെട്ടിയാർ എഴുതുന്നത്‌ എന്ത് വിഡ്ഢിത്തം ആണെങ്കിലും ഇമ്മാതിരി ഒക്കെ പുകഴ്ത്തിയാൽ  വൈകീട്ട് അവറ്റങ്ങൾക്ക് കോങ്ങാട്ട് തറവാട്ടിലെ അടുക്കള മുറ്റത്തു കുഴി കുത്തി വയറു നിറച്ചു പഴങ്കഞ്ഞിയും കപ്പ പുഴുങ്ങിയതും കൊടുക്കും അന്നാമ്മ ചേടത്തി. അതിന്റെ രുചി നാവിൽ ഉള്ളത് കൊണ്ട് ചെട്ടിയാരെ പുകഴ്ത്തുന്നതിൽ ഇവറ്റകൾ തമ്മിൽ വലിയ മത്സരം തന്നെയാണ്. അത് മാത്രമോ ചെട്ടിയാർ എഴുതിയത് വിഡ്ഢിത്തം ആണെന്ന് അടുത്ത ഏതേലും ഗ്രാമത്തിലെ ഏതെങ്കിലും ഒരുത്തൻ  എങ്ങാനും പറഞ്ഞു പോയാൽ അവനെ കല്ലും വടിയും എടുത്തു കൂട്ടമായി ഓടിച്ചു വിടുകയും ചെയ്യും 'ചെട്ടിയാരുടെ കാവൽ നായ്ക്കൾ' എന്നവകാശപ്പെടുന്ന ചന്ദ്രലേഖ ഗ്രാമത്തിലെ ഈ കുടികിടപ്പുകാർ. അങ്ങനെ ഓടിച്ചു വിടുന്നവര്ക്ക് കഞ്ഞിയ്ക്കും കപ്പയ്ക്കും പുറമേ അന്നമ്മ ചേടത്തിയുടെ വക സ്പെഷ്യൽ 'വളിച്ച ചമ്മന്തി'യും വയറു നിറച്ചു ശാപ്പിടാം.


ചന്ദ്രലേഖ ഗ്രാമത്തിന്റെ ഒരു total outlook മാത്രമാണ് ഞാൻ ഇവിടെ പറഞ്ഞത്. ഇതോടെ ഈ അധ്യായം  അവസാനിച്ചു. ഗ്രാമത്തിൽ  നടക്കുന്ന ചില സംഭവ വികാസങ്ങളും അത് പലരുടെയും ജീവിതത്തെ മാറ്റി മറിയ്ക്കുന്നതും അടുത്ത അധ്യായത്തിൽ. ക്ഷമയോടെ കാത്തിരിയ്ക്കുക.



2 comments:

  1. Yes, Mukilan. I sincerely mean it. When we can expect the next chapter? Again appreciate the effort.

    ReplyDelete
  2. @Maveric
    Thanks my dear friend. Extremely sorry for the delay in posting your comment. You can expect the next chapter in one week.

    ReplyDelete

മുകിൽവർണ്ണൻ തലനാരിഴ കീറി പരിശോധിച്ചതിനു ശേഷം മാത്രമേ കമന്റുകൾ പബ്ലിഷ് ചെയ്യപ്പെടുകയുള്ളൂ.